ന്യൂഡൽഹി: ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമെന്നും കോടതി വിലയിരുത്തി. തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ ജല്ലികെട്ടിനും മഹാരാഷ്ട്രയിലെയും കർണാടകയിലേയും കാളയോട്ട മത്സരങ്ങൾക്കും അനുമതി നൽകുന്നത് ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മൃഗസ്നേഹികൾ നൽകിയ ഹർജികൾ തള്ളിയത്.

പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയൽ ചട്ടങ്ങൾ 2017 എന്നീ നിയമങ്ങൾക്കെതിരെയായിരുന്നു ഹർജികൾ.

ജല്ലിക്കെട്ട് പോലുള്ള കായിക വിനോദങ്ങൾ സാംസ്‌കാരിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പ് പ്രകാരം അനുവദനീയമാകുന്നതിന് നിയമം നിർമ്മിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരത നിരോധിക്കുന്ന 1960-ലെ കേന്ദ്രനിയമം ഭേദഗതി ചെയ്താണ് തമിഴ്‌നാട് സർക്കാർ ജല്ലിക്കെട്ടും മഹാരാഷ്ട്ര, കർണാടക സർക്കാരുകൾ കാളയോട്ട മത്സരങ്ങളും നിയമവിധേയമാക്കിയത്.

നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, നിയമത്തിൽ അനുശാസിക്കുന്ന എല്ലാ മുൻകരുതലുകളും സ്വീകരിച്ച് മാത്രമേ ജല്ലികെട്ട് നടത്താവൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം ജില്ലാ മജിസ്‌ട്രേറ്റുമാർ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ജല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയല്ലെന്നും സാംസ്‌കാരികമായ അവകാശമാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. 2014-ൽ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് നിയമംകൊണ്ടുവന്നത്. സംഘടനകളുടെയും തമിഴ്‌നാട് സർക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറിൽ കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.