- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി; എം സ്വരാജ് ഹൈക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി; ബാബു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതിയുടെ നിരീക്ഷണം; മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന ആരോപണത്തിൽ തുടർ നടപടികൾ നിർണായകം
ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ. ബാബുവിന് തിരിച്ചടി. ബാബുവിന് എതിരായ തിരഞ്ഞെടുപ്പ് ഹർജിയിൽ ഹൈക്കോടതിയിലെ നടപടികൾ തുടരാൻ സുപ്രീം കോടതി അനുമതി നൽകി. എം.സ്വരാജ് ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കെ.ബാബു നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നതാണ് ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹർജിയിൽ പറയുന്നു.
തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ് കെ.ബാബു വോട്ടർമാരെ ഭയപ്പെടുത്തിയെന്നാണ് സ്വരാജിന്റെ ഹർജിയിൽ പറയുന്നത്. വോട്ട് അഭ്യർത്ഥിച്ചുള്ള സ്ലിപ്പിൽ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും ഹർജിയിൽ പറയുന്നു. ഇത് നിലനിൽക്കില്ലെന്ന കെ.ബാബുവിന്റെ തടസവാദമാണ് ഹൈക്കോടതി നേരത്തേ തള്ളിയത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ മതം ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് വാദിച്ച എം സ്വരാജ്, പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തനായ കെ ബാബുവിനെ അട്ടിമറിച്ചായിരുന്നു എം സ്വരാജ് തൃപ്പൂണത്തുറയിൽ വിജയം നേടിയത്. ബാർ കോഴ അടക്കമുള്ള വലിയ വിവാദങ്ങൾ കത്തി നിൽക്കുന്ന വേളയിലായിരുന്നു ബാബുവിന്റെ പരാജയം. പിന്നീട് 2021ൽ ഇരുവരും തമ്മിൽ ശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നത്.
മറുനാടന് മലയാളി ബ്യൂറോ