- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതി ലക്ഷ്യമിട്ടതുകൊലപാതകം വാഹനപകട കേസാക്കി മാറ്റാൻ; മുൻ വൈരാഗ്യത്താൽ യുവാവിനെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജാമ്യമില്ല; ആസൂത്രിത കൊലപാതകമെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ല. കീഴാറൂർ കൊല്ലംകാല ശ്യാം നിവാസിൽ ശരത്ലാൽ എന്ന ശരത്തിന്റെ ജാമ്യ ഹർജി കോടതി തള്ളി. മുൻ വൈരാഗ്യത്തിന്റെ പേരിൽ എതിരാളിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണു ഹർജി തള്ളിയത്.
വെറുമൊരു വാഹനപകട കേസിനെ പ്രോസിക്യൂഷൻ കൊലപാതകമായി ചിത്രീകരിച്ചതാണെന്ന പ്രതിഭാഗം വാദം കോടതി തള്ളി. പെരുങ്കടവിള തോട്ടവാരം കുഴിവിള മേലെ പുത്തൻ വീട്ടിൽ രഞ്ജിത് ആർ. രാജിനെയാണ് പ്രതി തന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ഓടിച്ച് കയറ്റി കൊലപ്പെടുത്തിയത്.
ബുള്ളറ്റിൽ രഞ്ജിത് വരുന്നത് അറിഞ്ഞ് പുനയൽകോണത്ത് കാത്തുനിന്ന പ്രതി ബുള്ളറ്റിന് എതിർദിശയിലെത്തി പാഞ്ഞ് കയറുകയായിരുന്നു. പ്രതി മുൻകൂട്ടി തയാറാക്കിയ ആസൂത്രിതമായ കൊലപാതകമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
നേർക്ക് നേരെ ഇടിച്ച് വീഴ്‌ത്താനായില്ലെങ്കിൽ രഞ്ജിത്തിനെ എങ്ങനെ കൊലപ്പെടുത്തണമെന്ന പ്രത്യേക പദ്ധതിയും പ്രതികൾ തയാറാക്കിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കൊലപാതകം ഒരു സാധാരണ വാഹനപകട കേസായി മാറ്റാനായിരുന്നു പ്രതികളുടെ ശ്രമം. പൊലീസ് അന്വേഷണത്തിന്റെ മികവ് കൊണ്ടാണ് കൊലപാതക കേസ് തെളിയിക്കാനായതെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
2015ൽ കോൺഗ്രസ് പ്രവർത്തകനായ വടകര ജോസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട രഞ്ജിത്. ആനാവൂരിലെ ഡെൽറ്റ കമ്പനിയിൽ നിന്ന് ലോഡ് എടുക്കുന്നതിന്റെ സീനിയോറിറ്റിയെ സംബന്ധിച്ച് കൊല്ലപ്പെട്ട രഞ്ജിത്തും ശരത്ലാലുമായി നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇതേ ചൊല്ലി ഈസ്റ്റർ റാലിക്കിടെയും പെരുമ്പഴുതൂരിൽ വച്ച് ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഈ വിരോധമാണ് രഞ്ജിത്തിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്