കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്.പത്തുദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു. ബോണ്ട് നല്‍കിയാല്‍ അര്‍ജുനെ വിട്ടയക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നത് അപൂര്‍വ്വ നടപടിയാണ്. വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ അര്‍ജുനെ കീഴ്ക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അര്‍ജുന്‍ ഇതുവരെ എതിര്‍സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. അര്‍ജുന്റെ അഭിഭാഷകന്‍ എസ് കെ ആദിത്യന്‍ ഹൈക്കോടതിയിലെ വക്കാലത്ത് ഒഴിഞ്ഞിരുന്നു.

അര്‍ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയിലാണ് പ്രതിയോട് വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള ഹൈക്കോടതി നിര്‍ദേശം. അര്‍ജുനെ കട്ടപ്പന പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയില്ല. ഇതോടൊപ്പം, പ്രതി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നത്.

പ്രതി അര്‍ജുന്‍ കട്ടപ്പന പോക്‌സോ കോടതിയില്‍ 10 ദിവസത്തിനകം നേരിട്ട് ഹാജരാകണം എന്നാണ് നിര്‍ദേശം. 50,000 രൂപയുടെ ബോണ്ട് കെട്ടിവച്ചാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കാം. രണ്ടു പേരുടെ ആള്‍ജാമ്യവും വേണം. നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പോക്‌സോ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടയാളോട് വീണ്ടും വിചാരണ കോടതിയില്‍ ഹാജരായി ജാമ്യത്തിനായി ബോണ്ട് കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കുന്നത്.

2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ ആറു വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അര്‍ജുന്‍ അറസ്റ്റിലായി. 78 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ കോടതി അര്‍ജുനെ വെറുതെ വിടുകയായിരുന്നു.

ഹൈക്കോടതിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. പ്രതിയെ വെറുതേവിട്ട കട്ടപ്പന കോടതിയുടെ നടപടിയില്‍ താനും കുടുംബവും ദുഃഖിതരായിരുന്നു. കേസില്‍ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.