- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ചു; ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനി 15 ലക്ഷവും പലിശയും നൽകാൻ വിധി
പത്തനംതിട്ട: ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനി 15 ലക്ഷവും പലിശയും നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധി. കടമ്മനിട്ട നെടുമണ്ണിൽ സിന്ധു വിജയനും രണ്ടു മക്കളും ചേർന്ന് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരായി ഫയൽ ചെയ്ത കേസ്സിലാണ് വിധി.
സിന്ധുവിജയന്റെ ഭർത്താവ് എൻ.കെ. പ്രസാദ് 2020 ൽ കോഴഞ്ചേരി കടമ്മനിട്ട റോഡിൽ മോട്ടോർ ബൈക്ക് അപകടത്തിൽ മരിച്ചു. പ്രസാദിന് 15 ലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡന്റ് ക്ലെയിം ഇൻഷുറൻസ് ഉണ്ടായിട്ടും കമ്പനി പല കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട തുക നിഷേധിച്ചു. തുടർന്ന് കോടതി നോട്ടീസ് അയച്ച് രണ്ട് കക്ഷികളും കമ്മിഷനിൽ ഹാജരാകുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തു.
എന്നാൽ മരണപ്പെട്ട ആളിന്റെ അവകാശിക്ക് ഇൻഷുറൻസ് തുക കൊടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തുകയും കമ്മിഷനിൽ കേസ്സ് ഫയൽ ചെയ്ത അന്നു മുതൽ 10% പലിശയോടുകൂടി 15 ലക്ഷം രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചിലവും ചേർത്ത് ഹർജികക്ഷിക്ക് കൊടുക്കാൻ ഉത്തരവിടുകയായിരുന്നു.
ഉപഭോക്തൃ തർക്കപരിഹാരഫോറം പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്