ന്യൂഡൽഹി: വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹർജി തള്ളിയാണ് നിയമനം ശരിവെച്ചത്. ഹർജി തള്ളിയുള്ള ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. സർക്കാരിന്റെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയില്ല എന്ന് എങ്ങനെ പറയും. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു.

കൊളീജിയത്തിന് വിക്ടോറിയ ഗൗരിയുടെ വിദ്വഷ നിലപാടുകളെ കുറിച്ചുള്ള വിവരം സർക്കാർ നൽകിയില്ലെന്ന് ആനന്ദ് ഗ്രോവർ പറഞ്ഞു. ജഡ്ജിയാകുന്ന വ്യക്തിയുടെ വീക്ഷണങ്ങളെയാണ് എതിർക്കുന്നത് ആനന്ദ് ഗ്രോവർ പറഞ്ഞു. കൊളീജിയം ഈ പരാതികൾ പരിഗണിച്ചില്ല എന്ന് കരുതുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നൽകി. ഇടപെടാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് കോടതിയിൽ ഉള്ളപ്പോഴാണ് നിയമനം നടന്നതെന്ന് ഹർജിക്കാർ വാദിച്ചു. കൊളീജിയം തീരുമാനം റദ്ദാക്കാൻ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നൽകി.

കൊളീജിയത്തിന് വിരുദ്ധ അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ പരാതി പരിഗണിച്ച് കൊളീജിയം തീരുമാനം റദ്ദാക്കുമായിരുന്നു. ഇതുവരെ അതുണ്ടായില്ല എന്നും പരാതി വന്നിട്ട് ഏഴു ദിവസമായെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ജഡ്ജിയായിരുന്നില്ലേ എന്ന് ജസ്റ്റിസ് ബിആർ ഗവായി ചോദിച്ചു. തനിക്കും രാഷ്ട്രീയ ചായ്വുണ്ടായിരുന്നു എന്ന് ജസ്റ്റില് ബിആർ ഗവായി പറഞ്ഞു. എന്നാൽ, രാഷ്ട്രീയ ചായ്വിനെയല്ല എതിർക്കുന്നതെന്ന് ഹർജിക്കാരൻ രാജു രാമചന്ദ്രൻ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തെയാണ് എതിർക്കുന്നത്. 1992ൽ രാഷ്ട്രപതി നിയമിച്ച ശേഷം റദ്ദാക്കിയ ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഭിഭാഷക എൽ സി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വിക്ടോറിയ ഗൗരിക്ക് പുറമെ, പി കെ ബാലാജി, കെ കെ രാമകൃഷ്ണൻ, രാമചന്ദ്രൻ കലൈമതി, കെ ഗോവിന്ദരാജൻ തിലകവാടി എന്നിവരും മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റിട്ടുണ്ട്.

ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് രംഗത്തുവന്നത്. മഹിളാമോർച്ച ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന അഭിഭാഷക എൽ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നതിൽ സുപ്രീംകോടതിയിൽ നടന്നത് നാടകീയ നീക്കങ്ങളുമയാിരുനന്ു.

ഇതേത്തുടർന്ന് മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തി. എന്നാൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രത്യേക സിറ്റിങ്ങ് ചേർന്നില്ല. തുടർന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ നിന്നും കേസ് പരിഗണിക്കുന്നത് മാറ്റിയതായി അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ് എന്നിവരുടെ ബെഞ്ചിലേക്കാണ് മാറ്റിയത്.