ന്യൂഡല്‍ഹി: ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. ദീര്‍ഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിവി നാഗരത്ന, എന്‍ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മുംബയിലെ ഖാര്‍ഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എന് ജാദവ് എന്ന സ്ത്രീ നല്‍കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും കോടതി പറഞ്ഞു.

2008ലാണ് വിധവയായ വനിതാ ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയാണ് താനുമായി ഖരെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് വനിതയുടെ പരാതി. ഖരെയുടെ ഭാര്യ വനിതയ്ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2017 മാര്‍ച്ചിലാണ് ജാദവ് ഖരെയ്ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയത്.

സമീപ കാലത്ത് അടക്കം പരസ്പ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പിന്നീട് പരാതിപ്പെട്ട സംഭവങ്ങള്‍ ഏറെയാണ്. ഇത്തരത്തില്‍ ബലാത്സംഗ കേസുകളുടെ കാര്യത്തില്‍ ഇനി സുപ്രീംകോടതി വിധി ഏറെ നിര്‍ണായകമായി മാറും.