- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആര് ടി സി ഡ്രൈവര്‍ യദുവിന്റെ പരാതി മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി; യദുവിന് എതിരെ നേമത്ത് സ്ത്രീയെ ഉപദ്രവിച്ചത് അടക്കം മൂന്നുകേസുകള്‍; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്; കേസില്‍ വിധി 30 ന്
യദുവിന്റെ പരാതി മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജിസ്‌ട്രേട്ട് വിനോദ് ബാബു 30ന് വിധി പറയും. പൊലീസ് റിപ്പോര്‍ട്ടില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. അന്വേഷണ പുരോഗതിയില്‍ വിശ്വാസമുണ്ടെന്ന് യദുവിന്റെ അഭിഭാഷകനും വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസില്‍ യാത്രക്കാരായിരുന്ന രണ്ടു പേരുടെ മൊഴിയെടുത്തു. കൃത്യം നേരില്‍ കണ്ട മൂന്നു ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിള്‍ ലോഗ് ഷീറ്റ്, യദുവിന്റെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ശേഖരിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നു പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി പറഞ്ഞു. യദു ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് മാധ്യമശ്രദ്ധ നേടാനാണ്. യദുവിനെതിരെ നേമത്ത് സ്ത്രീയെ ഉപദ്രവിച്ച കേസടക്കം മൂന്നു കേസുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും ബന്ധുക്കളും ഏപ്രില്‍ 28ന് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു തര്‍ക്കമുണ്ടായ സംഭവം വിവാദമായിരുന്നു. വാഹനം ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തര്‍ക്കമുണ്ടായത്. കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്തിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിനു നേര്‍ക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്. യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.
മേയര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്റെ വാദം. എന്നാല്‍ തനിക്കെതിരെ മേയര്‍ കൊടുത്ത പരാതിയില്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നുവെന്നും യദു പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് യദു തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തത്.