തൃശൂര്‍: വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രം പണം ചോദിച്ചെന്നത് വ്യാജ കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാലാ കാലങ്ങളായി നടക്കുന്ന പ്രവണതയാണ് ഇത്. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രം 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വകുപ്പുകള്‍ സഹായം നല്‍കുമ്പോള്‍ അതിനുള്ള പണം നല്‍കണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ പണം കൊടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മെക് സെവന്‍ ദേശവിരുദ്ധ ശക്തിയാണെങ്കില്‍ എന്തുകൊണ്ട് കേരളം കേന്ദ്രത്തെ അറിയിച്ചില്ലെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ആയിരത്തോളം യൂണിറ്റുകള്‍ ഉണ്ടാകുന്നതുവരെ കാത്തിരുന്നത് എന്തിനായിരുന്നു. കേരള പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം എവിടെയായിരുന്നുവെന്നും സുരേന്ദ്രന്‍ ചോദിച്ചു.