ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോഴും അത് വിശ്വസിക്കാതെ കൊല്ലപ്പെട്ട യുവതിയുടെ മകന്‍. അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് കലയുടെ മകന്‍ പറഞ്ഞു. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസം. അമ്മയെ തിരിച്ച് കൊണ്ട് വരും എന്നാണ് വിശ്വാസം. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞുവെന്നും കലയുടെ മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛന്‍ പറഞ്ഞതായി കലയുടെ മകന്‍ പ്രതികരിച്ചു.

അതേസമയം സെപ്റ്റിക് ടാങ്കില്‍ ശരീരാവശിഷ്ടങ്ങള്‍ നശിക്കാനുള്ള കെമിക്കല്‍ ഒഴിച്ചിരുന്നെന്ന് മാന്നാറില്‍ മൃതദേഹം കുഴിച്ചെടുത്ത സോമന്‍ പറഞ്ഞു. അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കില്‍ നിന്നു കിട്ടി. സെപ്റ്റിക് ടാങ്കിനു മുകളില്‍ പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ ഇട്ട് മൂടിയ നിലയില്‍ ആയിരുന്നെന്നും സോമന്‍ പറഞ്ഞു.

'സെപ്റ്റിക് ടാങ്കിന്റെ പുറത്താണ് വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയി ഇട്ടിരുന്നത്. പൊതുവെ ആരും അങ്ങനെ ചെയ്യില്ല. ദുരൂഹതയുള്ളതുകൊണ്ടാവാം അങ്ങനെ ചെയ്തത്. മാന്തി നോക്കിയപ്പോള്‍ കുറേ കെമിക്കല്‍ ഇറക്കിയിട്ടുണ്ട്. കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണ് ചേര്‍ത്തിരുന്നത്'- സോമന്‍ പറഞ്ഞു. ഇലന്തൂര്‍ നരബലി കേസില്‍ ഉള്‍പ്പെടെ പൊലീസിനെ സഹായിച്ചയാളാണ് സോമന്‍.

അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണെന്നാണ് എഫ്ഐആര്‍. കേസില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി അനിലിനെ കൂടാതെ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. തിരോധാനവും കൊലപാതകവും ഉള്‍പ്പടെ രണ്ട് എഫ്‌ഐആറുകളാണ് കഴിഞ്ഞദിവസം മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍, ഒന്നിലധികംപേര്‍ ഒരുമിച്ച് കുറ്റകൃത്യമാണെന്ന ബോധ്യത്തോടെ പ്രവര്‍ത്തിച്ചു എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. 2009-ല്‍ ഏതോ ഒരു ദിവസം മാന്നാര്‍ പെരുമ്പുഴ പാലത്തില്‍വെച്ച് കൊലപാതകം നടന്നുവെന്നും മാരുതി കാറില്‍ കൊണ്ടുപോയി മൃതദേഹം സംസ്‌കരിച്ചെന്നുമാണ് എഫ്‌ഐആറിലുള്ളത്.

അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച യുവതിയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. സംഭവം കൊലപാതകമാണെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ പിന്നീട് സ്ഥിരീകരിച്ചു. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ്പി അറിയിച്ചിരുന്നു.

ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2,3,4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല. 2009 ലാണ് സംഭവം നടന്നത്.

പതിനഞ്ച് വര്‍ഷം മുന്‍പുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിന്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.