മാവേലിക്കര: 15 വര്‍ഷം മുമ്പ് മാന്നാറില്‍ നിന്ന് കാണായ കല എന്ന വീട്ടമ്മ കൊല്ലപ്പെട്ടത് തന്നെയെന്ന്് പൊലീസ് സ്ഥിരീകരിച്ചു. അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലെ പ്രാഥമികാന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ചൊവ്വാഴ്ച വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

മരിച്ച യുവതിയുടെ ഭര്‍ത്താവ് അനിലാണ് കൊലപാകത്തിന് പിന്നിലെന്നാണ് സംശയം. ഇസ്രയേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ്പി അറിയിച്ചു. എന്നാല്‍ കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവില്ലെന്ന് ആലപ്പുഴ എസ്പി പറഞ്ഞു. കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ അനില്‍ കുമാര്‍ ഇപ്പോഴും ഇസ്രയേലിലാണെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കലയെ കാണാതായതാണോ എന്ന് അന്വേഷിക്കാനായാണ് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ അഞ്ചു പേരും കലയുടെ ഭര്‍ത്താവ് അനിലുമായി പല തരത്തില്‍ ബന്ധമാണുള്ളവരാണ്. ഇതുവരെയും അനിലുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇസ്രയേലിലുള്ള ഇയാളെ നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ വ്യക്തിപരമായ കാരണങ്ങളല്ലാതെ മറ്റൊന്നും ഉള്ളതായി അറിയാന്‍ സാധിച്ചിട്ടില്ല.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ ഇപ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകം എവിടെവച്ചു നടത്തി എന്നു സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമേ അത്തരം കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂ. മൃതദേഹം കുഴിച്ചിട്ടപ്പോള്‍ രാസലായിനി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധ്യമാകുന്ന തരത്തിലുള്ള തെളിവുകള്‍ ശേഖരിക്കുക പ്രയാസമുള്ള കാര്യമാണ്. കൊലപാതകം നടന്ന ദിവസമോ, അവിടെ ആരൊക്കെ ഉണ്ടായിരുന്നെന്നോ എന്നും ഇപ്പോള്‍ പറയാനാകില്ല. അതുകൊണ്ട് വീട്ടുകാര്‍ക്ക് ഇതു സംബന്ധിച്ച് എന്തെങ്കിലും അറിവുണ്ടോ എന്ന് അറിയില്ല.

അമ്പലപ്പുഴ സ്റ്റേഷനിലാണു കൊലപാതക സൂചന അറിയിച്ചുകൊണ്ട് ഒരു കത്തു വരുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പൊലീസിലെ തന്നെ ചെറിയൊരു ടീമാണ് രഹസ്യസ്വഭാവത്തില്‍ അന്വേഷണം നടത്തിയത്. ഇപ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതേടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്."എസ്പി പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 27 വയസ് മാത്രം പ്രായമുള്ള കലയെ പുറത്തേയ്ക്ക് കാണാതെ വന്നതോടെ ചോദിച്ചപ്പോള്‍ യുവതി ഗള്‍ഫിലുള്ള മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി എന്നാണ് ഭര്‍ത്താവ് അനില്‍കുമാര്‍ പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്.

രണ്ടു മാസം മുന്‍പ് അമ്പലപ്പുഴയ്ക്ക് അടുത്ത് പടക്കം എറിഞ്ഞതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടായിരുന്നു. രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഊമക്കത്ത് ലഭിക്കുന്നത്. അമ്പലപ്പുഴ സിഐ പ്രതീഷ് കുമാറിനാണ് ഊമക്കത്ത് ലഭിച്ചത്. 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നും ഇതിനെ കുറിച്ച് കൂടി ഇവരോട് ചോദിക്കണമെന്നുമായിരുന്നു ഈ ഊമക്കത്തില്‍ പറഞ്ഞിരുന്നത്. ഇന്നലെയാണ് യുവതിയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികളില്‍ ഒരാളായ ജിനു ഗോപിയെ സ്ഥലത്തെത്തിച്ചാണ് പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്.