- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ നല്കി; സംഘം ക്വട്ടേഷന്‍ ഏറ്റെടുത്തില്ലെന്നും ബന്ധുവിന്റെ വെളിപ്പെടുത്തല്‍
മാവേലിക്കര: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തിയതോടെ ഫോറന്‍സിക് പരിശോധന നടത്തും. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. ഇത് കലയുടേത് തന്നെയാണോ എന്നറിയാനാണ് ശാസ്ത്രീയ പരിശോധന.
അതേസമയം, കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി ബന്ധു വെളിപ്പെടുത്തി. നാട്ടിലുള്ള ഒരു സംഘത്തിന് അനില്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നെന്ന് കലയുടെ സഹോദരന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഈ സംഘം ക്വട്ടേഷന്‍ ഏറ്റെടുത്തില്ല. അറിയാവുന്ന കുട്ടി ആയതു കൊണ്ടാണ് ക്വട്ടേഷന്‍ എടുക്കാതിരുന്നതെന്ന് അവര്‍ കലയുടെ സഹോദരനോടു പറഞ്ഞിരുന്നതായും ശോഭന പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ കലയ്ക്ക് നിരന്തരം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നതായും ജീവിച്ചിരുന്നെങ്കില്‍ ഒരിക്കലെങ്കിലും മകനെ കാണാന്‍ ഉറപ്പായും അവള്‍ വരുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശോഭന പറഞ്ഞതിങ്ങനെ
"അനിലിനൊപ്പം പോകുമ്പോള്‍ കലയ്ക്ക് 20 വയസ്സു മാത്രമേ പ്രായം കാണൂ. പ്ലസ് ടു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ വിവാഹം കഴിച്ചു നല്‍കില്ലെന്ന് അറിയിച്ചതോടെ അനില്‍ കലയെ വന്നു കൊണ്ടുപോവുകയായിരുന്നു. അനിലിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണു വിവാഹം നടത്തിയത്. കുറച്ചു കാലത്തിനു ശേഷം അവര്‍ക്കു മകനുണ്ടായി. അതിനുശേഷമാണ് അനില്‍ വിദേശത്തേക്കു പോയത്. ഒരു വര്‍ഷം കഴിഞ്ഞ് മടങ്ങി വന്നിട്ടാണ് സംഭവം നടക്കുന്നത്. ഇതിനിടയ്ക്ക് അനില്‍ പറഞ്ഞിരുന്നു കല മറ്റൊരാളുമായി സ്‌നേഹത്തിലാണെന്ന്. പിന്നീട് അവളെ ഞങ്ങള്‍ കണ്ടിട്ടില്ല.
വിവാഹശേഷവും കല വീട്ടില്‍ വരാറുണ്ടായിരുന്നു. പ്രസവത്തിനു കൊണ്ടുപോയതും കലയുടെ അമ്മയാണ്. അനിലുമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനിലിന്റെ അമ്മ എന്നും കലയുമായി ബഹളമുണ്ടാക്കുമായിരുന്നു. പക്ഷേ അച്ഛനു സ്‌നേഹമായിരുന്നു.
അവള്‍ ജീവിച്ചിരിപ്പില്ലെന്നു തോന്നിയിരുന്നു. കല ജീവിച്ചിരുന്നെങ്കില്‍ ഒരിക്കലെങ്കിലും മകനെ വന്നു കണ്ടേനെ. അല്ലെങ്കില്‍ അച്ഛന്‍ മരിച്ചപ്പോള്‍ എത്തിയേനെ. കലയെ കാണാതായപ്പോള്‍ ആര്‍ക്കൊപ്പമോ പോയതാണന്നാണു കരുതിയത്. പക്ഷേ അവളുടെ അനിയന്‍ അപ്പോഴും അന്വേഷിക്കുന്നുണ്ടായിരുന്നു. നാട്ടിലുള്ള ഒരു സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയിരുന്നെന്ന് അവന്റെ അന്വേഷണത്തില്‍ അറിഞ്ഞിരുന്നു. എന്നാല്‍ അവരാ ക്വട്ടേഷന്‍ ഏറ്റെടുത്തില്ല. അറിയാവുന്ന കുട്ടിയാണെന്നു പറഞ്ഞാണ് അവരത് വേണ്ടെന്നു വച്ചത്. പക്ഷേ മറ്റാര്‍ക്കെങ്കിലും ക്വട്ടേഷന്‍ നല്‍കുമെന്നും അവളെ കൊല്ലുമെന്നും അന്നവര്‍ സഹോദരനു സൂചന നല്‍കിയിരുന്നു. പക്ഷേ അവനത് കാര്യമാക്കിയില്ല."
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 27 വയസ് മാത്രം പ്രായമുള്ള കലയെ പുറത്തേയ്ക്ക് കാണാതെ വന്നതോടെ ചോദിച്ചപ്പോള്‍ യുവതി ഗള്‍ഫിലുള്ള മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി എന്നാണ് ഭര്‍ത്താവ് അനില്‍കുമാര്‍ പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്.
രണ്ടു മാസം മുന്‍പ് അമ്പലപ്പുഴയ്ക്ക് അടുത്ത് പടക്കം എറിഞ്ഞതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടായിരുന്നു. രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഊമക്കത്ത് ലഭിക്കുന്നത്. അമ്പലപ്പുഴ സിഐ പ്രതീഷ് കുമാറിനാണ് ഊമക്കത്ത് ലഭിച്ചത്. 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നും ഇതിനെ കുറിച്ച് കൂടി ഇവരോട് ചോദിക്കണമെന്നുമായിരുന്നു ഈ ഊമക്കത്തില്‍ പറഞ്ഞിരുന്നത്. ഇന്നലെയാണ് യുവതിയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികളില്‍ ഒരാളായ ജിനു ഗോപിയെ സ്ഥലത്തെത്തിച്ചാണ് പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്.