- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലയുടെ മരണം കൊലപാതകമെന്ന വിവരം പുറത്തുവന്നത് മദ്യപാന സദസ്സില്‍; മാന്നാറില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി
ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹത്തിനായുള്ള പരിശോധനയില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരു ഊമകത്തിനെ കുറിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ കൊലപാതക സംശയം ശക്തമാക്കുകയാണ്. മാവേലിക്കര മാന്നാര്‍ സ്വദേശിയായ കലയാണ് (20) 15 വര്‍ഷം മുന്‍പ് കാണാതായത്. കലയുടെ ഭര്‍ത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തിയത്. കലയെ മറവുചെയ്‌തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കലയുടെതാണോ എന്ന് ഉറപ്പിക്കാന്‍ കഴിയൂ. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്ന് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷമാണ് സ്ലാബ് തുറന്നത്.
കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴി പുറത്തുവന്നതിന് പിന്നാലെ കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 വര്‍ഷം മുമ്പ് യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കലയുടെ ഭര്‍ത്താവ് ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാമനുള്ള ശ്രമങ്ങളും നടത്തി വരികയാണ് പൊലീസ്.
അനിലിന്റേയും കലയുടേയും പ്രണയ വിവാഹമായിരുന്നു. കാണാതാവുമ്പോള്‍ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുപ്പമില്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതായിരുന്നു. പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അനില്‍ വേറെ വിവാഹം കഴിക്കുകയും കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. അനില്‍ ഇസ്രായേലിലാണ് ഉള്ളത്. കേസില്‍ അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കസ്റ്റഡിയിലുള്ളത്.
2 മാസം മുന്‍പ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. പിടിയിലായവരെല്ലാം കൊല്ലപ്പെട്ടതായി കരുതുന്ന കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. കേസില്‍ പ്രതിയായ അഞ്ചാമനെ കസ്റ്റഡിയിലെടുക്കാനായി അന്വേഷണം തുടര്‍ന്ന പൊലീസ് ഈ വിവരം പുറത്ത് അറിയിച്ചിരുന്നില്ല. എന്നാല്‍ അഞ്ചാമനെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്ത് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിന് മുന്‍പാണ് കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാന്നാര്‍ പൊലീസിന് ഒരു ഊമക്കത്ത് ലഭിക്കുന്നത.് ഇതോടെ വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളില്‍ ആരോ മദ്യപാന സദസില്‍ വെളിപ്പെടുത്തിയതാണെന്നാണ് സൂചന. അവിടെയുണ്ടായിരുന്ന ആരെങ്കിലുമാകണം പൊലീസിന് കത്ത് അയച്ചത്. സംഭവത്തില്‍ പ്രതിയായ ഒരാള്‍ മുന്‍പ് ഭാര്യയെയും മക്കളെയും അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ചിലര്‍ അനിലിനെ വിളിച്ചുപറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അനിലും കലയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിയെന്നാണ് വിവരം. യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാന്‍ മുതിര്‍ന്നപ്പോള്‍ മകനെ വേണമെന്ന് അനില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാര്‍ വാടകയ്‌ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളില്‍ യാത്ര പോകുകയും ചെയ്തു. ഇതിനിടയില്‍ അനില്‍ സുഹൃത്തുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കാറില്‍ വച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിടുകയും ചെയ്തു.
കല താമസിച്ചിരുന്ന മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ആണ് തുറന്ന് പരിശോധിച്ചത്. നിലവില്‍ ഇവിടെ ഒരു പുതിയ വീട് പണിതിട്ടുണ്ട്. എന്നാല്‍ പഴയ ബാത്ത്‌റൂമും സെപ്റ്റിക് ടാങ്കും അതേ പോലെ തന്നെയാണ്. പഴയ ബാത്ത്‌റൂം പൊളിച്ച് കളയാത്തതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ സംശയം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ കൊലപാതകത്തിലേക്ക് സൂചന നല്‍കുന്ന ഊമകത്ത് കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.