കെ.എസ്.ഇ.ബിയില്‍ ടെക്നീഷ്യന്, ഓവര്‍സിയര്‍ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി കെ.എസ്.ഇ.ബി
- Share
- Tweet
- Telegram
- LinkedIniiiii
പാലക്കാട്: കെ.എസ്.ഇ.ബി.യില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ രംഗത്ത്. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാഗ്ദാനങ്ങള്‍ നടല്‍കി പണം ആവശ്യപ്പെടുന്നവരെക്കുറിച്ച് മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. രംഗത്തെത്തി.
ടെക്നീഷ്യന്, ഓവര്‍സിയര്‍ എന്നിങ്ങനെയുള്ള തസ്തികകളില്‍ ഒഴിവുണ്ടെന്നാണ് പ്രചാരണം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെയാണ് വ്യാജപ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോള്‍ഡിങ്, ഇലക്ട്രിസിറ്റി കൗണ്‍സില്‍ ബോര്‍ഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഈ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇവയില്‍ കെ.എസ്.ഇ.ബി.യുടെ ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
രജിസ്ട്രേഷന് ഫീസെന്ന നിലയില്‍ 80-100 രൂപ വരെ ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നഷ്ടപ്പെട്ടത് ചെറിയ തുകയായതിനാല്‍ പലരും പരാതിപ്പെടുന്നുമില്ല.
കെ.എസ്.ഇ.ബി.യിലേക്കുള്ള സ്ഥിരനിയമനം പി.എസ്.സി. വഴിയും താത്കാലികനിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുമാണ് നടത്തുന്നതെന്ന് കെ.എസ്.ഇ.ബി. പി.ആര്.ഒ. പറഞ്ഞു.