തിരുവനന്തപുരം: രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിയ്ക്കായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഭാരത സര്‍ക്കാരിന്റെ വിജ്ഞാന്‍ ശ്രീ പുരസ്‌കാരം പ്രചോദനമാകുമെന്ന് സിഎസ്‌ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (സിഎസ്‌ഐആര്‍എന്‍ഐഐഎസ്ടി) ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍ സി പറഞ്ഞു.

കൃഷിശാസ്ത്ര വിഭാഗത്തില്‍ ലഭിച്ച ഈ പുരസ്‌കാരത്തെ വളരെ സന്തോഷത്തോടെയും വിനയത്തോടെയുമാണ് നോക്കിക്കാണുന്നത്. ശാസ്ത്ര മേഖലയിലെ പുരോഗതി മുന്നില്‍ക്കണ്ട് എന്‍ഐഐഎസ്ടി ടീമിനൊപ്പം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ അംഗീകാരം പ്രചോദനമാണ്. രാജ്യത്തെ ശാസ്ത്രമേഖലയുടെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ നേട്ടത്തിനുമായി എന്‍ഐഐഎസ്ടി യ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്. പ്രഗത്ഭരായ മുന്‍ഗാമികളുടെ മികച്ച സംഭാവനകള്‍ ഈ അവസരത്തില്‍ സ്മരിക്കുന്നു. സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി യിലെ സഹപ്രവര്‍ത്തകര്‍, സിഎസ്‌ഐആര്‍-സിഎഫ്ടിആര്‍ഐ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവിടങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ എന്നിവരോട് കടപ്പെട്ടിരിക്കുന്നെന്നും ഡോ. അനന്തരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പ്രഗല്ഭ ശാസ്ത്രജ്ഞനും അക്കാദമിക് വിദഗ്ധനുമായ ഡോ. അനന്തരാമകൃഷ്ണന് ഭക്ഷ്യ-കാര്‍ഷിക സംസ്‌കരണ മേഖലകളില്‍ വൈദഗ്ധ്യമുണ്ട്. സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയുടെ ഡയറക്ടറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് തഞ്ചാവൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് ഡയറക്ടറായിരുന്നു അദ്ദേഹം.

ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രധാനമന്ത്രിയുടെ മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് സ്‌കീമിന്റെ കപ്പാസിറ്റി ബില്‍ഡിംഗ് ആന്‍ഡ് റിസര്‍ച്ചിന്റെ ചെയര്‍മാനായും കണ്‍വീനറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയ്ക്കുള്ള നാസ് (എന്‍എഎഎസ്) പുരസ്‌കാരം, കൃഷി ശാസ്ത്രത്തിലെ മികച്ച ഗവേഷണത്തിനുള്ള ഐസിഎആര്‍-റാഫി അഹമ്മദ് കിദ്വായ് പുരസ്‌കാരം, വിവിധ ദേശീയ അന്തര്‍ദേശീയ ശാസ്ത്ര സൊസൈറ്റികളുടെ ഫെലോഷിപ്പ് തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ എ.സി ടെക്കില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് നേടിയ ഡോ.അനന്തരാമകൃഷ്ണന്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ എം.ടെക്കും കരസ്ഥമാക്കി.

യുകെയിലെ ലോബറോ സര്‍വകലാശാലയില്‍ നിന്ന് ഫുഡ് എഞ്ചിനീയറിംഗില്‍ സ്‌പെഷ്യലൈസേഷനോടെ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറല്‍ ഗവേഷണവും അദ്ദേഹം പൂര്‍ത്തിയാക്കി. യുകെ സര്‍ക്കാരിന്റെ അഭിമാനകരമായ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നാനോ, മൈക്രോ സ്‌കെയില്‍ ഡെലിവറി സിസ്റ്റങ്ങളുടെ രൂപകല്‍പ്പന, ത്രീഡി ഫുഡ് പ്രിന്റിംഗ്, ഹ്യൂമന്‍ ഡൈനാമിക് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സിസ്റ്റവുമായി ബന്ധപ്പെട്ട ഗവേഷണവും ഗ്ലൈസെമിക് സൂചിക പഠനവും, ഭക്ഷ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാകുന്ന ഉത്പന്നങ്ങളും കമ്പ്യൂട്ടേഷണല്‍ മോഡലിംഗും, സ്‌പ്രേ ഡ്രൈയിംഗ്, സ്‌പ്രേ ഫ്രീസ്-ഡ്രൈയിംഗ് തുടങ്ങിയവ ഡോ. അനന്തരാമകൃഷ്ണന്റെ ഗവേഷണ മേഖലകളില്‍ ഉള്‍പ്പെടുന്നു.

കര്‍ഷകരുടെയും സംരംഭകരുടെയും ഉന്നമനത്തിന് സഹായകമാകുന്നതും വ്യാവസായിക പ്രസക്തിയുള്ളതും സാമൂഹിക നേട്ടങ്ങള്‍ ലക്ഷ്യമിട്ടുള്ളതുമായ ഗവേഷണ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി വികസിപ്പിച്ച സസ്യാഹാര തുകല്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.