തിരുവനന്തപുരം: ജലവൈദ്യുതി പദ്ധതികളില്‍ ആവശ്യത്തിനു വെള്ളമില്ലാത്തതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും. നിരക്ക് വര്‍ധനയല്ലാതെ മറ്റു വഴികളില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി ഉല്‍പാദന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും ജലവൈദ്യുതി പദ്ധതികളില്‍ ആവശ്യത്തിനു വെള്ളമില്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും നിരക്ക് വര്‍ധിപ്പിക്കുക.

അന്തിമ തീരുമാനം വൈദ്യുതി റഗുലേറ്ററി കമ്മിഷന്റേതാണ്. കമ്മിഷന്റെ ഹിയറിങ് കഴിഞ്ഞതിനാല്‍ ആ റിപ്പോര്‍ട്ട് വൈകാതെ കെഎസ്ഇബിക്കു കൈമാറും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കള്‍ക്കു യൂണിറ്റിന് ശരാശരി 34 പൈസ വീതം കൂട്ടണമെന്നാണു കെഎസ്ഇബിയുടെ ആവശ്യം. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് പെറ്റിഷനില്‍ കമ്മിഷന്‍ തെളിവെടുപ്പ് നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.