ആലുവ: മുക്കുപണ്ടം നല്‍കി കബളിപ്പിച്ചെന്ന് ആരോപിച്ചു കര്‍ണാടക സ്വദേശി ഗോമയ്യയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തു. എടത്തല മണലിമുക്ക് പുത്തന്‍പുരയില്‍ അല്‍ത്താഫ് അസീസ് (28), പുത്തന്‍പുരയില്‍ ആദില്‍ അസീസ് (27), പടിഞ്ഞാറേ കടുങ്ങല്ലൂര്‍ അമ്പാക്കുടി ഹൈദ്രോസ് (37), കടുങ്ങല്ലൂര്‍ മൂത്തേടത്ത് ഫാസില്‍ (37), മണലിമുക്ക് പുത്തന്‍പുരയില്‍ മുഹമ്മദ് അമല്‍ (31), കുഞ്ഞുണ്ണിക്കര ഉളിയന്നൂര്‍ ചിറമൂരിയില്‍ മുഹമ്മദ് ആരിഫ് ഖാന്‍ (33), മുപ്പത്തടം ചെറുകടവില്‍ സിജോ ജോസ് (37) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച 3 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ഫാസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും സിജോ ജോസ് യൂത്ത് കോണ്‍ഗ്രസ് കളമശേരി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കെ.എ. ഹൈദ്രോസ് കര്‍ഷക കോണ്‍ഗ്രസ് കടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റുമാണ്. സംഭവത്തെ കുറിച്ചു പൊലീസ് പറഞ്ഞത്: ഞായറാഴ്ച രാവിലെ 11നു ജില്ലാ ആശുപത്രി മോര്‍ച്ചറിയുടെ മുന്‍വശത്തു നിന്നാണ് ഗോമയ്യയെ കാറില്‍ തട്ടിക്കൊണ്ടു പോയത്. ദൃക്‌സാക്ഷിയായ ലോട്ടറി വില്‍പനക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.