മലപ്പുറം: മലപ്പുറം തൊടിയപുലത്ത് പതിനാറുകാരിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ സ്കൂളിലേക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്താതിരുന്ന കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്.

വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ പുള്ളിപ്പാടത്ത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നുവെന്നത് പ്രാഥമിക വിവരങ്ങളിൽ പറയുന്നു.

ഇന്നലെ രാവിലെ 9.30ഓടെ കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങിയതിന് ശേഷം പെൺകുട്ടിയെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയായ 16 വയസ്സുകാരനാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ മൃതദേഹം ഒളിപ്പിച്ച സ്ഥലം പോലീസിന് കാണിച്ചുകൊടുത്തതായാണ് വിവരം. പ്രതി കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.