കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ പ്ലംബിംഗ് ജോലിക്കെത്തിയ 18 വയസ്സുകാരനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തിൽ ബലരാമന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അത്താണി കല്പക നഗറിലാണ് സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുതിയ വീടിന്റെ പ്ലംബിംഗ് ജോലികൾക്കായി നാല് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേർ ചായ കുടിക്കാനായി പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോലിക്കിടെ അപകടം സംഭവിച്ചതാണോ അതോ പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചതാണോ എന്ന് ഇതുവരെ വ്യക്തമല്ല. എല്ലാ സാധ്യതകളും കണക്കിലെടുത്ത് നെടുമ്പാശ്ശേരി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അഭിനവിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.