പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപാഠി പോലീസ് പിടിയിൽ. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് പ്രതിയുടെ പ്രായം.

വിദ്യാർത്ഥിനിയുടെ മരണത്തിലെ കുറ്റസമ്മതമൊഴിയാണ് അറസ്റ്റിലേക്ക് ഒടുവിൽ നയിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കടുത്ത പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പ്ലസ് ടു വിദ്യാർഥിനി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരിച്ചു. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് അഞ്ചുമാസം ഗർഭിണി എന്ന് കണ്ടെത്തിയത്.

വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സ്കൂൾ ബാഗിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലൂടെ പറഞ്ഞിരിന്നു. പെൺകുട്ടിയുടെ സഹപാഠിയെ നേരത്തെ പോലീസ് ചോദ്യം ചെയ്യുകയും ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി അമിത അളവിൽ മരുന്നു കഴിച്ചെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഗർഭം ഒഴിവാക്കുന്നതിനോടൊപ്പം ജീവനൊടുക്കുവാനും പതിനേഴുകാരി ശ്രമിച്ചു കാണുമെന്നാണ് പോലീസ് നിഗമനം.