പന്തളം: നിരോധിത പുകയില ഉൽപന്നങ്ങൾ അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച രണ്ടു പേരെ വാഹന പരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും ആറു ലക്ഷം രൂപയോളം വില മതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

കുളനട പനങ്ങാട് ജങ്ഷനു സമീപം വ്യാഴാഴ്ച പുലർച്ചെ 4.15 ഓടെ വാഹന പരിശോധനയ്ക്കിടെയാണ് പത്തനംതിട്ട ജില്ല ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. വാഹനത്തിൽ ഉണ്ടായിരുന്ന പൊന്നാനി പള്ളപ്രം പാലക്കവളപ്പിൽ ഫാറൂഖ് (28), മലപ്പുറം വെളിയങ്കോട് കുറ്റിയാട്ടേൽ വീട്ടിൽ റിയാസ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കെ.എൽ 08 ബി.ഡബ്ല്യു 4442 എന്ന പിക്കപ്പ് വാഹനത്തിൽ 36 ചാക്കുകളിലായി ഹാൻസ്, കൂൾ എന്നിവയാണ് ഇവർ കൊണ്ടുവന്നത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ മുകളിൽ ചാക്കിലാക്കിയ കോഴിമാലിന്യം ഇട്ട് മറച്ചു വച്ചിരുന്നു. 6,01,710 രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇവരുടെ കൈയിൽ നിന്നും 15070 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറത്ത് നിന്നും അടൂരേക്ക് കൊണ്ട് പോയതാണെന്ന് പൊലീസ് പറഞ്ഞു.

41 ചാക്ക് ഹാൻസ്,15 ചാക്ക് കൂൾ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി ജെഴ ഉമേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ കുടുങ്ങുകയായിരുന്നു.