തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 24 മണിക്കൂർ മദ്യനിരോധനം ഏർപ്പെടുത്തി. കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമാണ് നിരോധനം. മാർച്ച് രണ്ടിന് വൈകീട്ട് ആറുമണി മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വൈകീട്ട് ആറുമണിവരെ മദ്യവിൽപന ശാലകളുടെ പ്രവർത്തനം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പും കർശന നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നഗരത്തിലെ ഭക്ഷ്യശാലകൾ ലൈസൻസിന്റെയോ രജിസ്‌ട്രേഷന്റെയോ പകർപ്പ് നിർബന്ധമായും പ്രദർശിപ്പിക്കണം. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. പൊങ്കാലയോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, ദാഹജലം എന്നിവ വിതരണം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും മുൻകൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. ഭക്ഷ്യസംരക്ഷകർക്കും പാചകത്തൊഴിലാളികൾക്കുമായി ഫെബ്രുവരി 19-ന് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കും.

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി അധിക സർവീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽനിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കും തിരിച്ചുമായിരിക്കും ഈ സർവീസുകൾ. ഈ റൂട്ടുകൾ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. വിവിധ ഡിപ്പോകളിലെ ബസുകൾ ലൈൻഅപ്പ് ചെയ്യുന്നതിനും പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനും തീരുമാനമായിട്ടുണ്ട്.