പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 60 കാരന് 25 വര്‍ഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗകോടതി. അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. കീഴ്വായ്പ്പൂര്‍ പോലീസ് 2023 ലെടുത്ത കേസിലാണ് വിധി.

കല്ലൂപ്പാറ ചെങ്ങരൂര്‍ കടുവാക്കുഴി ചൂരംകുറ്റിക്കല്‍ വീട്ടില്‍ മണി എന്ന് വിളിക്കുന്ന ഭൂവനേശ്വരന്‍ പിള്ള (60) ആണ് ശിക്ഷിക്കപ്പെട്ടത്. 2023 ജനുവരിക്കും മാര്‍ച്ച് 17 നുമിടയിലാണ് കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. അയല്‍വാസിയായ പ്രതിയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം.

ബലാല്‍സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്ത കീഴ്വായ്പ്പൂര്‍ പോലീസ് മാര്‍ച്ച് 23 ന് പിടികൂടിയിരുന്നു. പോക്‌സോ നിയമത്തിലെ 6, 5( ാ) വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവ് കൂടി പ്രതി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥനാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.