കാട്ടാക്കട: പതിനഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പീഡിപ്പിക്കുകയും പണം വാങ്ങി പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

മലയിന്‍കീഴ് താമസിച്ചിരുന്ന വിളപ്പില്‍ശാല കാവിന്‍പുറം പെരുവിക്കോണത്ത് സൗമ്യാ ഭവനില്‍ കല എന്ന ശ്രീകല(47), മലയിന്‍കീഴ് അരുവിപ്പാറ സനൂജാ മന്‍സിലില്‍നിന്ന് പൊട്ടന്‍കാവില്‍ താമസിക്കുന്ന ഷൈനി എന്ന ഷാഹിദാബീവി(52), മാറനല്ലൂര്‍ ചീനിവിള മുണ്ടഞ്ചിറ വീട്ടില്‍നിന്ന് മലയിന്‍കീഴ് ബ്ലോക്ക് നടയില്‍ താമസിക്കുന്ന സദാശിവന്‍(71), മുണ്ടേല കുരിശ്ശടിക്കു സമീപം സുരേഷ് ഭവനില്‍നിന്ന് മലയിന്‍കീഴ് മേപ്പൂക്കടയില്‍ താമസിക്കുന്ന സുമേഷ് എന്ന രമേശ്(33) എന്നിവരെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേശ്കുമാര്‍ ശിക്ഷിച്ചത്.

2015-ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്രതികള്‍ ചേര്‍ന്നു പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഇരയാക്കുക ആയിരുന്നു. പണം വാങ്ങി പെണ്‍കുട്ടിയെ 15 പേര്‍ക്കു കൈമാറിയതായും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ തുടരുകയാണ്. നാലുപേര്‍ക്കെതിരേയാണ് നിലവില്‍ കുറ്റപത്രമുള്ളത്.

പ്രതികള്‍ പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷവും അഞ്ചുമാസവുംകൂടി ശിക്ഷ അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്കു നല്‍കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി അനുഭവിച്ച മാനസിക വിഷമങ്ങള്‍ കണക്കിലെടുത്ത് പിഴത്തുക അപര്യാപ്തമാണെന്നു വിലയിരുത്തി ആവശ്യമായ സഹായം നല്‍കാന്‍ ജില്ലാ ലീഗല്‍ അതോറിറ്റിയോടു കോടതി നിര്‍ദേശിച്ചു.

മറ്റൊരു കേസിലെ മൊഴിനല്‍കുന്നതിന് നെടുമങ്ങാട് ഡിവൈ.എസ്.പി. ആയിരുന്ന ജെ.കെ.ദിനില്‍ മുന്‍പാകെ ഹാജരായ പെണ്‍കുട്ടി തനിക്കു നേരിട്ട പീഡനത്തെക്കുറിച്ച് ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ കൊടുത്ത പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ 36 സാക്ഷികളെ വിസ്തരിച്ചു. ചിലര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ആര്‍.പ്രമോദ് ഹാജരായി.