ഇലന്തൂർ: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 490 ലിറ്റർ സ്പിരിറ്റ് പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. രണ്ടു പേരെ പ്രതി ചേർത്തു. ഇലന്തൂർ ആശാരിമുക്ക് പേഴുംകാട്ടിൽ സി.സി. രാജേഷ് കുമാറി(45)ന്റെ വീട്ടിലെ ആട് ഫാമിൽ നിന്നും വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സ്പിരിറ്റ് പിടികൂടിയത്.

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ.പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 35 ലിറ്ററിന്റെ 14 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് ഒളിപ്പിച്ചു വച്ചിരുന്നത് പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാജേഷിനെ അവിടെ വച്ച് അറസ്റ്റ് ചെയ്തു.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള രതീഷ്, രോഹിണിയിൽ സജി എന്നിവരെയും പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. സജി, രാജേഷിന്റെ വീട്ടിൽ സ്ഥിരമായി വന്നു പോകുന്നതായി വിവരം കിട്ടിയിരുന്നു. റെയിഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എസ്. സുരേഷ് കുമാർ, ഡി. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിമിൽ, നിയാദ് എസ്. പാഷ , ബിനുരാജ്, സോമശേഖരൻ, സിവിൽ എക്സൈസ് ഓഫീസർ റാണി എന്നിവർ പങ്കെടുത്തു.