- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരൂരങ്ങാടിയിൽ ‘ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്’: 60 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ; അനധികൃത കച്ചവടക്കാർക്ക് പിഴ; കർശന നടപടിയുമായി നഗരസഭ

മലപ്പുറം: തിരൂരങ്ങാടി നഗരസഭയുടെ 'ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്' രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 60 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. അനധികൃതമായി റോഡ് കൈയേറി മത്സ്യവിൽപ്പന നടത്തിയ രണ്ട് വാഹനങ്ങളും നഗരസഭയുടെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.ദിവസങ്ങളോളം പഴക്കമുള്ളതും ഐസ് ഇടാതെ സൂക്ഷിച്ചതുമായ മാന്തൾ, കിളിമീൻ, ദ്വീപ് അയല തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്. കക്കാട് ജങ്ഷനിൽ പൊതു റോഡിൽ മത്സ്യവിൽപ്പന നടത്തിവന്ന ഒരു വാഹനവും മമ്പുറം ജങ്ഷനിൽ മത്സ്യവിൽപ്പന നടത്തിയ ഗുഡ്‌സ് ഓട്ടോയുമാണ് പരിശോധനയിൽ കസ്റ്റഡിയിലെടുത്തത്.
പിടിച്ചെടുത്ത മത്സ്യങ്ങൾ ഉടൻതന്നെ നശിപ്പിക്കുകയും ചെയ്തു. റോഡ് കൈയേറിയുള്ള അനധികൃത കച്ചവടങ്ങൾ കണ്ടെത്താൻ നടത്തിയ പരിശോധനകളുടെ തുടർച്ചയാണിത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ റോഡ് കൈയേറി കച്ചവടം ചെയ്ത ഏഴ് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും, അനധികൃത കച്ചവടക്കാരിൽ നിന്ന് 1.5 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഓരോ വാഹനത്തിനും 10,000 രൂപ വീതം പിഴ ഈടാക്കിയാണ് അന്ന് വാഹനങ്ങൾ വിട്ടയച്ചത്.
പരിശോധനയുടെ ഫലമായി വില്ലേജ് ഓഫീസിന് സമീപത്തും കോഴിക്കോട് റോഡിലും കച്ചവടക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പൊതുറോഡ് കൈയേറി കച്ചവടം നടത്തുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറി റംസി ഇസ്മായിലിന്റെ നേതൃത്വത്തിലാണ് ഇന്നലെ ആരോഗ്യ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടന്നത്.
ക്ലീൻ സിറ്റി മാനേജർ ടി കെ പ്രകാശൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ മോഹൻദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി സ്മിത, കെ വിജേഷ് കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും അനധികൃത കച്ചവടങ്ങൾ തടയാനും നഗരസഭയുടെ ഭാഗത്തുനിന്ന് കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


