മം​ഗളൂരു: മംഗളൂരുവിൽ യുവാവിൽ നിന്ന് കഞ്ചാവ് പിടികൂടിയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സുപ്രധാനമായ നീക്കത്തിലൂടെ. 30 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോ വീഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. പുത്തൂർ താലൂക്ക് ഹാരാടി ഗവൺമെൻ്റ് സ്‌കൂളിന് സമീപത്തെ ഹാരാടി ഹൗസിൽ എച്ച് മുഹമ്മദ് ഹഫീസ് (23) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ ഓപ്പറേഷനിലാണ് പ്രതിയെ പിടിയിലായത്.

വിദേശത്ത് നിന്ന് നഗരത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി. ഓപ്പറേഷനിൽ 30 ലക്ഷം രൂപയുടെ ഹൈഡ്രോ വീഡ് കഞ്ചാവ് കൂടാതെ 2.5 കിലോ സാധാരണ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ന​ഗരത്തിൽ ഹൈഡ്രോ വീഡ് കഞ്ചാവ് കടത്തി വിൽക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് റെയ്ഡ് നടത്തിയത്.

മയക്കുമരുന്നിന് പുറമെ മൊബൈൽ ഫോൺ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ എന്നിവയും പ്രതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തു. കണ്ടുകെട്ടിയ വസ്തുക്കളുടെ ആകെ മൂല്യം 30,85,500 രൂപയോളം വരും. ഇതു സംബന്ധിച്ച് മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.