ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ പ്രാദേശിക അടിസ്ഥാനത്തിലുണ്ടായ വിദ്വേഷ ആക്രമണം അപലപനീയമാണെന്ന് എ എ റഹീം എംപി .രാജ്യ തലസ്ഥാനത്തെ പ്രമുഖ സർവകലാശാലകളിലൊന്നിന്റെ ക്യാമ്പസിൽ ഇത്തരം ഒരു അക്രമം നടന്നത് ലജ്ജാകരമാണ്. മദ്യപിച്ചെത്തിയ അക്രമി സംഘം വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. യൂണിവേഴ്സിറ്റി ക്യാമ്പസ് ഇടങ്ങളും പരിസരങ്ങളും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഇടമാണെന്നും, ഇത്തരം വിദ്വേഷ ആക്രമണങ്ങളെ അവർ ഭയപ്പെടേണ്ടതില്ലെന്നും ഉറപ്പാക്കാൻ തുടർനടപടി ഉറപ്പാക്കണം.

വിദ്യാർത്ഥികൾ, അഡ്‌മിനിസ്‌ട്രേഷൻ, ഫാക്കൽറ്റി എന്നിവരുൾപ്പെടെയുള്ള എല്ലാവരും രാജ്യത്തിന്റെ വൈവിധ്യത്തെ ബഹുമാനിക്കുന്നതിൽ ബോധവാന്മാരാണെന്ന് ഉറപ്പാക്കാൻ സർവകലാശാലകൾക്കുള്ളിൽ നടപടികൾ കൈക്കൊള്ളണം. വിദ്വേഷ ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം. വൈവിധ്യങ്ങൾ ബഹുമാനിക്കപ്പെടുന്ന, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഇടമാണ് ഡൽഹി സർവകലാശാല എന്നത് ഉറപ്പാക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.