- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി 9 ലക്ഷം കവർന്ന കേസ്; 3 പേർ പിടിയിൽ; വാഹനവും കസ്റ്റഡിയിലെടുത്തു
കണ്ണൂർ: കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. കാസർകോട് സ്വദേശികളായ മുസമ്മിൽ, അഷ്റഫ്, ഇരിക്കൂർ സ്വദേശി സിജോയ് എന്നിവരെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ബംഗളൂരുവിൽ നിന്നെത്തിയ ഏച്ചൂർ സ്വദേശി റഫീഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയ ശേഷം പണം കവർന്നത്. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തിന് സഹായം ചെയ്തതവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
നേരത്തെ, പുലർച്ചെ ബെംഗളൂരുവിൽ നിന്ന് ഏച്ചൂരിൽ ബസിറങ്ങിയപ്പോഴാണ് റഫീഖിനെതിരെ കാറിലെത്തിയ നാലംഗ സംഘത്തിന്റെ അക്രമമുണ്ടായത്. മർദിച്ചവശനാക്കി പണം കവർന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്ന പരാതിയിലായിരുന്നു പോലീസ് കേസെടുത്തിരുന്നത്.
തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ഉപയോഗിച്ചിരുന്ന കാർ സിജോയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികളുടെ വിവരം ലഭിച്ചതായും, ഇവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യാനാവുമെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ ബെംഗളൂരുവിൽ സ്വന്തമായി ബേക്കറി നടത്തുന്ന റഫീഖ് രാത്രി നാട്ടിലേക്ക് ബസ് കയറിയതായിരുന്നു. ഏച്ചൂരിൽ ബസിറങ്ങിയപ്പോൾ തന്നെ കറുത്ത കാർ വന്നു നിർത്തിയ ശേഷം മൂന്നാലു പേർ ചേർന്ന് റഫീഖിനെ വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു.
തോളിലിട്ടിരുന്ന ബാഗ് എടുക്കാൻ സംഘം ശ്രമിച്ചെങ്കിലും വിട്ടുനൽകാത്തതിനാൽ റഫീഖിനെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. മർദ്ദനത്തിൽ മൂക്കിനും അരക്കെട്ടിനും ഉൾപ്പെടെ ശരീരത്താകെ പരിക്കു പറ്റിയിരുന്നു. സംഘത്തിലൊരാൾ വാളെടുത്തതോടെ ജീവനിൽ ഭയന്നാണ് ബാഗ് നൽകുകയായിരുന്നു അതിലുണ്ടായിരുന്ന 9 ലക്ഷം രൂപ മുഴുവനായും സംഘം തട്ടിയെടുത്തു. ബെംഗളൂരുവിൽ ബേക്കറി ഉടമയായ റഫീഖ് പണയം വെച്ച സ്വർണം എടുക്കാനായി പലരിൽ നിന്നായി കടംവാങ്ങിയ പണമായിരുന്നു ബാഗിലുണ്ടായിരുന്നത്.