തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് എഞ്ചിൻ തകരാറായതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന കാർ കാട്ടാനക്കൂട്ടം തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. അങ്കമാലി സ്വദേശികളുടെ കാറാണ് കാട്ടാനക്കൂട്ടം തകർത്തത്. യാത്രക്കാർക്ക് ആളപായമില്ല.

അങ്കമാലി സ്വദേശികൾ ഇന്നലെ രാത്രി അതിരപ്പള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഈ വാച്ചുമരത്ത് വെച്ച് വാഹനം തകരാറിലായി. സമീപത്ത് കാട്ടാനക്കൂട്ടം ഉള്ളതായി മനസ്സിലാക്കിയ യാത്രക്കാർ, വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിലേക്ക് മടങ്ങി. പിന്നീട്, വാഹനത്തിന്റെ തകരാർ പരിഹരിക്കാനായി അതിരപ്പിള്ളിയിൽ നിന്ന് മെക്കാനിക്കുമായി തിരിച്ചെത്തിയപ്പോഴാണ്, കാട്ടാനക്കൂട്ടം കാർ പൂർണമായും തകർത്ത നിലയിൽ കണ്ടത്.

കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം ഈ ഭാഗത്തുണ്ടായിരുന്നു. എൻജിൻ തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ട ഒരു വാൻ കാട്ടാന തകർത്തിരുന്നു. അന്നും വാഹനത്തിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വനംവകുപ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.