- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധരാത്രി കോഴിക്കോട് എടിഎമ്മിൽ മുഴങ്ങിയ അലാറം; കവർച്ചാശ്രമമെന്ന് കരുതി നാടും പോലീസും മുൾമുനയിൽ; ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ട്വിസ്റ്റ്

കോഴിക്കോട്: കോഴിക്കോട് കാരപ്പറമ്പിലെ കാനറാ ബാങ്ക് എടിഎമ്മിൽ അർധരാത്രി സുരക്ഷാ അലാറം മുഴങ്ങിയത് പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി. എടിഎം കവർച്ചാ ശ്രമമെന്ന് സംശയിച്ച സംഭവത്തിനുപിന്നിൽ, പണം ലഭിക്കാതെ വന്നപ്പോൾ യന്ത്രത്തിൽ തട്ടിയ ഒരു ഉപഭോക്താവിന്റെ പ്രവൃത്തിയെന്ന് പിന്നീട് കണ്ടെത്തി.
അലാറം മുഴങ്ങിയയുടൻ ഇതുവഴിയെത്തിയ പോലീസ് പട്രോൾ സംഘവും നാട്ടുകാരും എടിഎമ്മിൽ പരിശോധന നടത്തിയെങ്കിലും ആശങ്കയകന്നില്ല. എടിഎം തകർത്ത് പണം കവരാനുള്ള ശ്രമമാണിതെന്ന നിഗമനത്തിലായിരുന്നു എല്ലാവരും. എടിഎം കൗണ്ടറിനകത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഹെൽമെറ്റ് ധരിച്ച് മുഖം മറച്ച ഒരാൾ അവസാനമായി എടിഎമ്മിൽ പ്രവേശിച്ചതായി കണ്ടെത്തി. ഇത് കവർച്ചാ ശ്രമമെന്ന സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തി.
എന്നാൽ അധികൃതർ സിസിടിവി ദൃശ്യങ്ങളിലുള്ളയാളെ തിരിച്ചറിഞ്ഞ് നേരിട്ട് ബന്ധപ്പെട്ടതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്. നഗരത്തിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന അത്തോളി സ്വദേശിയായിരുന്നു അത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി എടിഎമ്മിൽ കയറിയ ഇദ്ദേഹം, കാർഡ് ഇട്ട് പിൻ നമ്പർ നൽകിയിട്ടും പണം ലഭിക്കാത്തതിനെത്തുടർന്ന് യന്ത്രത്തിൽ തട്ടിനോക്കുകയായിരുന്നു. ഈ പ്രവൃത്തിയാണ് സുരക്ഷാ അലാറം മുഴങ്ങാൻ ഇടയാക്കിയതെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു.


