- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മിത ബുദ്ധിയുടെ കാലത്തിനനുസരിച്ച് വിദ്യാർത്ഥികൾ സുസജ്ജരാകണം: സ്പീക്കർ എ.എൻ ഷംസീർ
തിരുവനന്തപുരം: നിർമ്മിത ബുദ്ധിയുടെ ആധുനിക കാലത്തിന് അനുസരിച്ച് വിദ്യാർത്ഥികൾ സുസജ്ജമാകുന്നതിനൊപ്പം മൂല്യങ്ങൾ സൂക്ഷിക്കുന്ന നല്ല മനുഷ്യരാകണമെന്നും നിയമസഭ സ്പീക്കർ എ എൻ ഷംസീർ. ചാറ്റ് ജിപിടി എന്തെന്ന് അറിയാതെ , തെറി പറയുന്ന യൂട്ഊബർമാരെ അറിയുന്ന പ്രതിലോമ പ്രവണതയ്ക്ക് അറുതി വരുത്തണം. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ആവിഷ്‌കരിച്ച വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് സമർപ്പണ സമ്മേളനം ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലഘട്ടത്തിനനുസരിച്ച് മാറുന്ന ശാസ്ത്ര സാങ്കേതിക വിദ്യക്കൊത്ത് വിദ്യാർത്ഥികളും സമൂഹവും സുസജ്ജമാകണം. നിർമ്മിത ബുദ്ധിയുടെ കാലത്തിനനുസരിച്ച് നമ്മളും മാറണം. പുതിയ മേഖലകളിലേക്ക് സഞ്ചരിക്കാൻ സഹായകമായ വിദ്യാഭ്യാസ പാതകൾ തേടണം. കേരളത്തിന്റെ വിദ്യാഭ്യാസമേഖല രാജ്യത്തിനു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയാണ്. 10, 12 ക്ലാസുകളിലെ വിജയശതമാനവും നമ്മുടെ വിഭവശേഷി നൈപുണ്യവും അതാണ് തെളിയിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന മികവ് പരിപോഷിപ്പിക്കാൻ കൂടുതൽ കർമ്മ പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്ത്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസോടെ ഇക്കൊല്ലം ഉന്നത വിജയം നേടിയ 470 കുട്ടികളെയാണ് എംഎൽഎയുടെ വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചത്. മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിച്ചവർക്കുപുറമെ മറ്റു മണ്ഡലങ്ങളിലെ സ്‌കൂളുകളിൽ പഠനം നടത്തിയ വൈപ്പിൻ സ്വദേശികളായ വിദ്യാർത്ഥികൾക്കും വിശിഷ്ട വ്യക്തികൾ സമ്മാനം നൽകി.
ഭരണഘടന നിർമ്മാണ സഭയിലെ ഏക ദളിത് വനിത ദാക്ഷായണി വേലായുധന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തിൽ സമർപ്പിച്ചു. ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്,, മുൻ എംഎൽഎ എം.എം മോനായി, ഡി.ഡി.ഇ ഹണി.ജി. അലക്‌സാണ്ടർ, ജില്ല പട്ടിക ജാതി വികസന ഓഫീസർ കെ.സന്ധ്യ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ടി.ആർ വിജയകുമാർ എന്നിവർ വിശിഷ്ടാതിഥികളായി.
റോട്ടറി മുൻ ഗവർണർ എസ്. രാജ്‌മോഹൻ നായർ, ഐഎസ്എസ്ഡി സിഇഒ എം.വി തോമസ്, പ്രചോദക പ്രഭാഷകൻ ഡോ. ആഷിക്ക്, ,പറവൂർ നഗരസഭാംഗം കെജെ ഷൈൻ ടീച്ചർ, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ പി.എസ് അരവിന്ദ്, എടവനക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ ജോസഫ്, ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, കർത്തേടം റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് സി.എക്‌സ് ആൽബർട്ട്, സംഘാടക സമിതി ചെയർമാൻ എ.പി പ്രനിൽ, കൺവീനർ എംപി പ്രശോഭ് എന്നിവർ പങ്കെടുത്തു.




