ന്യൂഡൽഹി: രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്‌ഗഡിലെയും ബിജെപിയുടെ മുന്നേറ്റത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ ഭരണ നിർവഹണ മികവ് നൽകിയ വിജയം എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തിൽ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവര് നാട്ടിൽ നടക്കുന്നത് അറിയുന്നില്ല. കോൺഗ്രസിന്റെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടി ആണ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വരാനിരിക്കുന്ന ലോക്‌സഭ ഫൈനൽ തെരഞ്ഞെടുപ്പിലേക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഫലം പുറത്തുവന്നിരിക്കുന്നത്. കേരള രാഷ്ട്രീയവും നിശബ്ദമായി മാറും എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് തന്നെ എന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജന സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാൾ പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ബിജെപി ഏറെക്കുറെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാധാമോഹൻ ദാസിന്റെ പ്രതികരണം. മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ ആരൊക്കെയെന്ന് വിജയിച്ച എംഎൽഎമാർ തീരുമാനിക്കുമെന്നും രാധാമോഹൻ ദാസ് അഗർവാൾ പറഞ്ഞു.