കൊല്ലം: കൊട്ടിയം മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കേസിൽ പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്.

നവംബർ 26 നാണ് സംഭവം. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ റിയാസിനെ ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വെച്ച് പെട്രോളൊഴിച്ച് തീകൊളുത്തിയത്. എന്നാൽ ചികിത്സയിലായിരിക്കെ തൻ്റേത് അപകടമല്ലെന്നും സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നുമുള്ള റിയാസിന്റെ മൊഴിയായിരുന്നു പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.