കൊച്ചി: ഹൈക്കോടതി വളപ്പിൽ ആത്മഹത്യാശ്രമം. ഹൈക്കോടതിക്ക് മുകളിൽ നിന്ന് ചാടാൻ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.ചിറ്റൂർ സ്വദേശി വിനു ആന്റണിയാണ് ഹൈക്കോടതിയുടെ ഏഴാം നിലയിൽ നിന്നും ചാടാൻ ശ്രമിച്ചത്.

തുടർന്ന് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് തന്ത്രപരമായി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.ഇയാളുടെ വിവാഹ മോചന ഹർജി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ കേസിലെ കോടതി ഉത്തരവിനെത്തുടർന്നാണ് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കിയത്. മാസം 20,000 രൂപ ഭാര്യയ്ക്ക് നൽകണമെന്നായിരുന്നു കോടതി ഉത്തരവ്.

വിനു ആന്റണിയ്‌ക്കെതിരെ ഭാര്യ കുടുംബകോടതിയിൽ നൽകിയ ഹർജിയിൽ ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ പ്രതിമാസം ചെലവിന് നൽകാൻ ഉത്തരവിട്ടിരുന്നു.കൂലി പണിക്കാരനായ തനിക്ക് ഇത്രയും വരുമാനമില്ലെന്നും തുകയിൽ കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ട് ഇയാൾ പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബഞ്ച് 20,000 രൂപയാക്കി നിശ്ചയിച്ചു.

ഈ ഉത്തരവിനെതിരെയാണ് ആതമഹത്യാഭീഷണി മുഴക്കിയിരിക്കുന്നത്. സംഭവത്തിൽ സെൻട്രൽ പൊലീസ് മിനു ആന്റണിക്കെതിരെ കേസ് എടുത്തു.