കോഴിക്കോട്: മൊബൈൽ ഫോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് താമരശ്ശേരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി സ്വദേശി അബ്ദുറഹ്മാന്റെ പരാതിയിലാണ് കോഴിക്കോട് സ്വദേശികളായ നിതിൻ, അഭിനന്ദ്, അഖിൽ എന്നിവരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊടുവള്ളിയിലെ ഒരു മൊബൈൽ കടയിൽ നിന്ന് 36,000 രൂപയുടെ ഫോൺ ഇ.എം.ഐ അടിസ്ഥാനത്തിൽ അബ്ദുറഹ്മാൻ വാങ്ങിയിരുന്നു. ഇതിന്റെ മൂന്നാമത്തെ അടവായ 2302 രൂപ മുടങ്ങിയതാണ് ആക്രമണത്തിലേക്ക് നയിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ പ്രതികൾ, അബ്ദുറഹ്മാനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി മർദിക്കുകയും കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.

പരിക്കേറ്റ അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.