തിരുവനന്തപുരം: തിരുവനന്തപുരം പേട്ട റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ (28), ഹരിവിശാലാക്ഷി (26) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ അർധരാത്രി 12.30ഓടെ കടന്നുപോയ ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.

ഇവർ തിരുവനന്തപുരത്ത് എത്തിയത് എന്തിനാണെന്നോ, അപകടം എങ്ങനെ സംഭവിച്ചുവെന്നോ ഉള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് മധുരയിൽ പോലീസ് കേസെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം ആത്മഹത്യയാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് അറിയിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ മധുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധുര സ്വദേശികളായ യുവതിയും യുവാവുമാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമായത്.