- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വയസ് വരെയുള്ള കുട്ടികളുടെ ആധാറിന് ബയോമെട്രിക്സ് വേണ്ട; രണ്ട് തവണ പുതുക്കണം
അഞ്ചു വയസ് വരെയുള്ള കുട്ടികളുടെ ആധാറിന് ബയോമെട്രിക്സ് വേണ്ട; രണ്ട് തവണ പുതുക്കണം
തിരുവനന്തപുരം: നവജാതശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) വേണ്ടതില്ല. എന്റോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടനെതന്നെ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നത് സര്‍ക്കാര്‍സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ ഭാവിയില്‍ സഹായകമാകും. എന്നാല്‍ കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം.
ആധാര്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന ഐടി മിഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.അഞ്ചാം വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും പതിനഞ്ചു വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ പതിനേഴുവയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍സൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറുരൂപ ഈടാക്കും.
പുതുക്കല്‍ നടത്താത്ത ആധാര്‍ കാര്‍ഡുകള്‍ അസാധുവാകും. സ്‌കോളര്‍ഷിപ്പ്, റേഷന്‍കാര്‍ഡില്‍ പേരുചേര്‍ക്കല്‍, സ്‌കൂള്‍ പ്രവേശനം, എന്‍ട്രന്‍സ്/മത്സരപ്പരീക്ഷകള്‍, ഡിജിലോക്കര്‍, പാന്‍കാര്‍ഡ് മുതലായവയ്ക്ക് ആധാര്‍ വേണ്ടതുണ്ട്. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നിങ്ങളുടെ ആധാറില്‍ മൊബൈല്‍നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കണം.
അഞ്ചു വയസ്സുവരെ പേരുചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍, മൊബൈല്‍നമ്പര്‍, ഇ-മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും.
ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്റര്‍: 0471-2335523. ഐടി മിഷന്‍(ആധാര്‍ സെക്ഷന്‍): 0471-2525442.