ചിറ്റാര്‍ : വര്‍ഷങ്ങളായി പോലീസിനെയും എക്‌സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞു വന്ന പ്രതി ചിറ്റാര്‍ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശിയായ പുത്തന്‍വീട്ടില്‍ ഷാജി(50) ആണ് പിടിയിലായത്.

ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് ചിറ്റാര്‍ പോലീസും ചാരായം വാറ്റുന്നതിന് 300 ലിറ്റര്‍ വാഷ് കൈവശം വെച്ച് സൂക്ഷിച്ചതിന് എക്‌സൈസും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ഒരു വര്‍ഷമായി ബെല്ലാരി, സൂറത്ത് എന്നീ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

തുടര്‍ച്ചയായ അന്വേഷണത്തില്‍ പ്രതി നാട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചു. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി,സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്. ഐ.അനില്‍ കുമാര്‍, എ. എസ്. ഐ.അനില്‍, സി. പി. ഒ മാരായ അജിത്ത്, സജിന്‍ എന്നിവര്‍ അടങ്ങിയ സംഘം സീതത്തോട്ടില്‍ നിന്നും പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.