കോഴിക്കോട്: ചാലിയാർ പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്താനുള്ള ശ്രമത്തിനിടെ ടിപ്പർ ലോറി മാവൂർ പോലീസ് പിടികൂടി. കോഴിക്കോട് മാവൂർ പഞ്ചായത്തിലെ പള്ളിക്കടവിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ചാലിയാർ പുഴയിൽ വൻതോതിൽ മണൽ അനധികൃതമായി കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മാവൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്.

പ്രതികൾ പോലീസിനെ കണ്ട് ടിപ്പർ ലോറി പുഴയിലേക്ക് ഇറക്കിനിർത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടപ്പോൾ, മണൽ കയറ്റാനുണ്ടായിരുന്ന തൊഴിലാളികൾ തോണിയിൽ രക്ഷപ്പെട്ടു. തുടർന്ന് പോലീസ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

എസ്.ഐ. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എസ്.ഐ. വി.എം. രമേശ്, എ.എസ്.ഐ. സുബൈദ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ മനാഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.