തിരുവനന്തപുരം: ദേശീയപാതയിൽ ഉദിയൻകുളങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് 25 വയസ്സുകാരനായ യുവാവ് മരിച്ചു. കൊറ്റാമം ആറയൂർ അഴുവ് തോട്ടം ലിയോ നിവാസിൽ ലിയാനാർഡോ ദേവ് എബ്രഹാം ആണ് മരിച്ചത്. ഇന്ന് രാവിലെ സേതുലക്ഷ്മി ഭായ് പബ്ലിക് മാർക്കറ്റിന് മുന്നിലായിരുന്നു അപകടം.

പാറശാല ഭാഗത്തുനിന്ന് നെയ്യാറ്റിൻകരയിലേക്ക് പോകുകയായിരുന്ന ലിയാനാർഡോയുടെ ബൈക്ക്, മാർക്കറ്റിൽനിന്ന് റോഡ് ക്രോസ് ചെയ്യാനെത്തിയ കാൽനടയാത്രക്കാരനെ തട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുടെ മുന്നിലേക്ക് വീഴുകയായിരുന്നു. ലോറിയിടിച്ചതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിയാനാർഡോ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പാറശാല പോലീസ് അറിയിച്ചു.