അഞ്ചൽ:മകളുടെ വിവാഹം ക്ഷണിക്കാൻ ബന്ധുവീടുകളിൽ പോയ ദമ്പതികൾക്ക് വാഹനാപാകടം.വിവാഹ ക്ഷണിച്ചതിന് ശേഷം മടങ്ങി വരവേ അപകടത്തിൽപ്പെട്ട ദമ്പതികളിൽ ഭാര്യ മരിച്ചു.കുളത്തൂപ്പുഴ ടിംബർ ഡിപ്പോ നഗർ സൂര്യാലയത്തിൽ ബിന്ദു (45) വാണ് മരിച്ചത്.ഭർത്താവ് പ്രസാദിനെ (52) ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആയൂർ-അഞ്ചൽ പാതയിൽ പെരുങ്ങള്ളൂർ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.ആയൂർ ഭാഗത്തു നിന്നും അഞ്ചൽ ഭാഗത്തേക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറിനെ പിന്നാലെയെത്തിയ സ്വകാര്യ ബസ് മറികടക്കുന്നതിനിടെ ഇടിച്ചിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ ബിന്ദു ബസിനടിയിലേക്കും പ്രസാദ് വണ്ടിയോടൊപ്പം റോഡിന്റെ വശത്തേക്കും വീഴുകയായിരുന്നു.ഇരുവരേയും ഉടൻ തന്നെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ബിന്ദു മരിച്ചു.മൃതദേഹം മോർച്ചറിയിൽ.ചടയമംഗലം പൊലീസ് കേസെടുത്തു.