കൊല്ലം: അഷ്ടമുടി കായലിൽ രണ്ട് മത്സ്യബന്ധന വള്ളങ്ങൾക്ക് തീപിടിച്ച് പൂർണ്ണമായും നശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുക്കാട് ഭാഗത്താണ് അപകടമുണ്ടായത്. ഒരു വള്ളത്തിന്റെ അടുക്കളയിൽനിന്ന് തീ പടർന്നാണ് അപകടമുണ്ടായതെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക വിവരം. തീ അതിവേഗം സമീപത്ത് കെട്ടിയിരുന്ന മറ്റൊരു വള്ളത്തിലേക്കും വ്യാപിക്കുകയായിരുന്നു.

അപകടസമയത്ത് വള്ളങ്ങളിലുണ്ടായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് നിസ്സാരമായി പൊള്ളലേറ്റു. സമീപത്തെ മറ്റ് വള്ളങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാൻ ഇവർ കത്തിയ വള്ളങ്ങൾ കെട്ടഴിച്ചു മാറ്റുകയായിരുന്നു. കത്തിയ വള്ളങ്ങൾ കായലിൽ ഒഴുകി. പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഇരു വള്ളങ്ങളിലുമുണ്ടായിരുന്ന ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വള്ളങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. തീരദേശത്തുള്ള വീടുകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.