കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.തലയോലപ്പറമ്പ് കീഴൂർ ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥിയും കാരിക്കോട് ചൂണ്ടക്കാലായിൽ വീട്ടിൽ എബിൻ പീറ്റർ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തലയോലപ്പറമ്പ് പെരുവ റോഡിൽ കീഴൂർ സായിപ്പ് കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്.

ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ടിപ്പർ ലോറിയും ബൈക്കും. ബൈക്ക് ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ ലോറി വലത്തേക്ക് തിരിയുകയും അപകടം ഉണ്ടാകുകയുമായിരുന്നു. അപ്രതീക്ഷിതമായി ടിപ്പർ ലോറി വലത്തേക്ക് തിരിഞ്ഞതോടെ എബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയിലിടിച്ചു ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

എബിൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. അപകടത്തിൽ സഹയാത്രികനായ സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.