മലപ്പുറം: നിയന്ത്രണം വിട്ട കാറിടിച്ച് ആശുപത്രി ജീവനക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന യുവാവിനെ റിമാൻഡ് ചെയ്തു. മദ്യപിച്ച് കാറോടിച്ച യുവാവിനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യക്കുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് കച്ചേരിപ്പടി കോട്ടോപ്പാടം കോൽക്കാട്ടിൽ മുഹമ്മദ് റിയാസി(26)നെയാണ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പെരിന്തൽമണ്ണ പാതായ്ക്കര വളവിലുണ്ടായ അപകടത്തിൽ പാതായ്ക്കര മനപ്പടി മണ്ണുപറമ്പിൽ നളിനി(56) ആണ് മരിച്ചത്. വിദ്യാർത്ഥികളുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

അമിതവേഗതയിൽ വാഹനമോടിച്ച് അപകടം വരുത്തിയതിന് കേസെടുത്തിരുന്നു. പിന്നീട് പ്രതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വ്യക്തമായതോടെയാണ് മനപ്പൂർവമല്ലാത്ത നരഹത്യക്കുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റുചെയ്തത്.

പെരിന്തൽമണ്ണ രാംദാസ് ആശുപത്രിയിലെ ജീവനക്കാരിയായ നളിനി ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസ്സിറങ്ങി റോഡരികിലൂടെ നടക്കുമ്പോൾ അമിതവേഗതയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.