പാലക്കാട്: മണ്ണാർക്കാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആര്യമ്പാവിൽ കണ്ടെയ്നർ ലോറി സ്‌കൂട്ടറിൽ ഇടിച്ചാണ് സ്‌കൂട്ടർ യാത്രക്കാരന് മരിച്ചത്. കുമരംപുത്തൂർ ചുങ്കം ഓട്ടുപാറ ബഷീറിന്റേയും ജമീലയുടേയും മകൻ ഫിറോസാണ് (34) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി നൗഫലിന് അപകടത്തിൽ പരുക്കേറ്റു. ഇയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്നിട്ടും നിർത്താതെ പോയ ലോറി കരിങ്കല്ലത്താണി തൊടുക്കാപ്പിൽ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്‌കൂട്ടറിൽ പോകുന്നതിനിടെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫിറോസ് മരിച്ചു.