കണ്ണൂർ: കണ്ണൂർ പൂവത്ത് കന്യാസ്ത്രീ ബസിടിച്ച് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. റോഡിലെ അപകടസാധ്യതയെ കുറിച്ച് പൊലീസിൽ പരാതി നൽകി നാലാം ദിവസമാണ് സിസ്റ്റർ സൗമ്യ അതേ സ്ഥലത്ത് മരിച്ചത്. കന്യാസ്ത്രീ മരിച്ച ശേഷം മാത്രമാണ് പൊലീസ് ബാരിക്കേഡ് വെച്ചത്. സംഭവത്തിൽ കണ്ണൂർ എസ്‌പിയും ആർടിഒയും 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

പൂവം സെന്റ് മേരീസ് കോൺവെന്റിലെ മദർ സുപ്പീരിയറായിരുന്നു സിസ്റ്റർ സൗമ്യ. തൊട്ടടുത്ത പള്ളിയിലേക്ക് പോകാൻ കോൺവെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോൾ അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ച് മരിക്കുകയായിരുന്നു. കണ്ണൂർ തളിപ്പറമ്പ് ആലക്കോട് റോഡിലെ പൂവത്ത് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തത് മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതാണ്. പല തവണ ആവശ്യപ്പെട്ടെങ്കിലും കന്യാസ്ത്രീയുടെ മരണശേഷം മാത്രമാണ് ഒരു ബാരിക്കേഡ് വെക്കാൻ പൊലീസ് തുനിഞ്ഞത്.

കോൺവെന്റും സ്‌കൂളുമുള്ള ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ല. സീബ്രാ ലൈനോ, മുന്നറിയിപ്പ് ബോർഡുകളോ ഉണ്ടായിരുന്നില്ല. കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്‌കൂൾ മാനേജർ കൂടിയായ സിസ്റ്റർ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് ഒരാഴ്ച മുമ്പ് പരാതി നൽകിയതാണ്. നടപടിയാകും മുൻപ് അതേ സ്ഥലത്ത് അവരുടെ ജീവൻ പൊലിഞ്ഞു.