റാന്നി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്ന് വയസ്സുകാരൻ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി ശേഖറിന്റെ മകൻ ആർ. കവിനാണ് മരിച്ചത്. പമ്പാ തുലാപ്പിള്ളി നാറാണത്തോട് മന്ദിരം താഴെവളവിൽ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. തിരുവണ്ണാമലയിൽനിന്ന് കഴിഞ്ഞ ദിവസം വന്നവരാണ് അപകടത്തിൽപെട്ടത്. പമ്പാ സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ്, അഗ്‌നിരക്ഷാസേന എന്നിവർ ചേർന്ന് ഗതാഗതതടസ്സം ഒഴിവാക്കി.