കോട്ടയം: ഡ്രൈവർ പുറത്ത് പോയ സമയം മണ്ണുവാന്തി യന്ത്രം ഓടിക്കാൻ ശ്രമിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മുറ്റം നിരപ്പാക്കാന്‍ കൊണ്ടുവന്ന ഹിറ്റാച്ചി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ റബ്ബർ മരത്തിനടിയിൽപെട്ടായിരുന്നു മരണം. പാല കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവമുണ്ടായത്.

ഏറെ നാളായി വിദേശത്ത് നിന്നും നാട്ടിലെത്തിയതായിരുന്നു പോൾ. തുടർന്ന് വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി കൊണ്ടുവന്നതായിരുന്നു ഹിറ്റാച്ചി. ഡ്രൈവർ ചായകുടിക്കാൻ പോയ അവസരത്തിൽ പോൾ സ്വയം ഹിറ്റാച്ചി ഓടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ഹിറ്റാച്ചി മണ്ണിലിൽ ഇടിച്ച് മറിഞ്ഞ ശേഷം റബ്ബർ മരത്തിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ പോൾ തൽക്ഷണം മരിച്ചു.

ശേഷം പോലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ ടൈല്‍ ഇടുന്ന ജോലി നടന്നു വരികയായിരുന്നു. അതിനിടെ ചുറ്റുമതില്‍ കെട്ടുന്നതിന്റെ ആവശ്യത്തിനായാണ് ഹിറ്റാച്ചി വിളിച്ചത്. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.