കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി എടുത്തു. അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബസിന്‍റെ ഡ്രൈവർ വി.കെ.റിബിന്‍റെ ലൈസൻസാണ് ആർടിഒ ആറ് മാസത്തേക്ക് ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പളളിക്കുന്നിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി ജലീൽ മരിച്ചിരുന്നു. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നിൽ നിന്ന് ലോറിയെ ഇടിച്ചുതെറിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് പിന്നിൽ നിന്ന് ഇടിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. മരം കടപുഴകി റോഡിലേക്ക് വീണു. ബസിന്‍റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.